രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഓഗസ്റ്റ് 4-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, അൽ ദാഖിലിയ, സൗത്ത് അൽ ബതീന, അൽ ദഹിറാഹ്, അൽ ബുറൈമി, നോർത്ത് അൽ ശർഖിയ മുതലായ ഗവെർണറേറ്റുകളിലെ മലയോര പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ മൂലം ഈ മേഖലകളിലെ താഴ്‌വാരങ്ങളിൽ പെട്ടന്ന് വെള്ളം ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മഴ മേഖലയിലെ മരുഭൂപ്രദേശങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, ദോഫാർ ഗവർണറേറ്റിലെ മരുഭൂമേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Cover Image: Oman News Agency.