സൽവ റോഡ്, മെബൈരീക് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 21-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
സൽവ റോഡിലൂടെ മെബൈരീക്, ബു നഖ്ല, അൽ സൈലിയ, അൽ മീയറാദ് തുടങ്ങിയ മേഖലകളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കൂടുതൽ മികച്ച റോഡ് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ഇന്റർചേഞ്ച് നിർമ്മിച്ചിരിക്കുന്നത്.
അൽ സൈലിയ ഇന്റർചേഞ്ച്, മസജീദ് ഇന്റർചേഞ്ച് എന്നിവയ്ക്ക് ഇടയിലായാണ് സൽവ റോഡ്, മെബൈരീക് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടുള്ള ഈ രണ്ട് നിലകളിലുള്ള പുതിയ ഇന്റർചേഞ്ച് നിർമ്മിച്ചിരിക്കുന്നത്. 330 മീറ്റർ നീളമുള്ള രണ്ട് പാലങ്ങൾ, ലൂപ്പ് ബ്രിഡ്ജുകൾ, നിരവധി എക്സിറ്റുകൾ, പ്രാദേശിക റോഡുകൾ എന്നിവ ഈ ഇന്റർചേഞ്ചിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഏതാണ്ട് മൂന്ന് കിലോമീറ്ററോളം നീളമുള്ള ബൈപാസ് റോഡുകൾ, പ്രാദേശിക റോഡുകൾ, 3 കിലോമീറ്റർ നീളമുള്ള നടപ്പാത, സൈക്കിൾ പാത എന്നിവയും ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള യാത്രകളുടെ സമയം അമ്പത് ശതമാനത്തോളം കുറയ്ക്കുന്നതിന് ഈ പുതിയ ഇന്റർചേഞ്ച് സഹായകമാണ്.
Cover Image: Qatar Public Works Authority.