രാജ്യത്തെ പ്രവാസികൾക്ക്, അവർ ബഹ്റൈനിന് പുറത്തുള്ള അവസരത്തിൽ, തങ്ങളുടെ റെസിഡൻസി, വർക് പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA) അറിയിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ NPRA അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായുള്ള ഒരു പ്രത്യേക സേവനം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ സേവനം രാജ്യത്തെ സർക്കാർ, വാണിജ്യ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർ, രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി തൊഴിലാളികൾ, ഗാർഹിക ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതാണ്.
ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (LMRA) ചേർന്നാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഇത്തരത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിനുള്ള സേവനം നാഷണൽ പോർട്ടൽ ഓഫ് ബഹ്റൈൻ മുഖേന ലഭിക്കുന്നതാണ്.
എക്സ്പാട്രിയേറ്റ് മാനേജ്മന്റ് സിസ്റ്റം, ഔദ്യോഗിക LMRA ചാനലുകൾ എന്നിവയിലൂടെ വർക് പെർമിറ്റുകൾ പുതുക്കാവുന്നതാണ്. ഈ സേവനങ്ങൾ തൊഴിലുടമകൾക്ക് ബഹ്റൈന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ പെർമിറ്റുകൾ ഓൺലൈനിലൂടെ പുതുക്കുന്നതിനുള്ള അവസരം നൽകുന്നു. കാലാവധി അവസാനിക്കുന്നതിന് മുൻപായി മാത്രമാണ് ഇത്തരം രേഖകൾ ഈ രീതിയിലൂടെ പുതുക്കുന്നതിന് അവസരം നൽകുന്നത്.