എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. 2023 സെപ്റ്റംബർ 21-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
നിസ്സാരമായ റോഡപകടങ്ങൾക്കിടയാക്കുന്നവരും, ഇരയായവരും തങ്ങളുടെ വാഹനങ്ങൾ റോഡുകളിൽ നിന്ന് തൊട്ടരികിലുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് ഉടൻ തന്നെ നീക്കം ചെയ്യണമെന്നും, മറ്റു വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വാഹനം നിർത്തിയിടരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഡിലെ ഗതാഗതം സുഗമമായി തുടരുന്നതിന് ഇത് വളരെ പ്രധാനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാർ അബുദാബി പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിന്റെ സഹായം തേടുന്നത് ട്രാഫിക് തടസം ഒഴിവാക്കുന്നതിനും, അപകടം നടന്ന സ്ഥലത്തെ തടസങ്ങൾ നീക്കം ചെയ്യുന്നതിനും സഹായകമാകുമെന്ന് പോലീസ് വ്യക്തമാക്കി. ചെറിയ അപകടങ്ങളിൽ വാഹനം റോഡിൽ നിന്ന് നീക്കം ചെയ്യുന്നത് അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണനടപടികൾക്ക് തടസ്സമാകില്ലെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ മേജർ മഹ്മൂദ് അൽ ബലൂഷി അറിയിച്ചു.
ചെറിയ അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, കേടായ വാഹനങ്ങൾ, ടയർ കേടുവന്ന വാഹനങ്ങൾ തുടങ്ങിയവ റോഡിൽ നിർത്തിയിടുന്നത് മറ്റു ട്രാഫിക് അപകടങ്ങൾ ഉണ്ടാകാനിടയുള്ള സാധ്യതകൾ വർധിപ്പിക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Abu Dhabi Police.