ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച തുടക്കമായി. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സംഘടിപ്പിക്കുന്നത്.
ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക പ്രദർശനങ്ങളിലൊന്നാണ്. സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
2023 സെപ്റ്റംബർ 28-ന് ആരംഭിച്ച റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഒക്ടോബർ 7 വരെ നീണ്ട് നിൽക്കും. ‘പ്രചോദനദായകമായ ഒരിടം’ എന്ന പ്രമേയത്തിലൂന്നിയാണ് 2023-ലെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ ഒരുക്കുന്നത്.
32 രാജ്യങ്ങളിൽ നിന്നുള്ള 1800-ൽ പരം പുസ്തകപ്രസാധകർ ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 46000 സ്ക്വയർ മീറ്ററിലധികം വിസ്തൃതിയിലുള്ള ഈ പുസ്തകമേളയിൽ എണ്ണൂറിൽ പരം പവലിയനുകളുണ്ട്.
സൗദി സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച്ചയാണ് റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറെന്ന് ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷൻ സി ഇ ഓ ഡോ. മുഹമ്മദ് ഹസൻ അൽവാൻ വ്യക്തമാക്കി. അറബ് പുസ്തകമേളകളിൽ പ്രധാനപ്പെട്ടതാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സെമിനാറുകൾ, കലാപരിപാടികൾ, കവിതാ സദസ്സുകൾ എന്നിവ ഉൾപ്പടെ ഏതാണ്ട് ഇരുനൂറില്പരം പരിപാടികളാണ് ഈ പുസ്തകമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായി കുട്ടികളുടെ കവിതാ പാരായണം ഒരു മത്സരയിനമായിത്തന്നെ പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വിശിഷ്ടാതിഥിയായി ഒമാൻ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ സാംസ്കാരികത്തനിമ, ചരിത്രം, പൈതൃകം, കല മുതലായവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ഒമാൻ പവലിയൻ ഒരുക്കിയിരിക്കുന്നത്.
എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും ആസ്വദിക്കാവുന്ന സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ പുസ്തകമേള സൗദി അറേബ്യയിലെയും, മേഖലയിലെത്തന്നെയും വലിയ പുസ്തകമേളകളിലൊന്നാണ്. ഏതാണ്ട് പത്ത് ലക്ഷത്തിലധികം സന്ദർശകർ ഈ മേളയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Cover Image: Saudi Press Agency.