കുവൈറ്റ്: വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

featured GCC News

വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിൽ സ്വന്തം വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ രേഖകൾ ഏർപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ:

  • വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർ ആദ്യ പടിയായി ഇതിനുള്ള മുൻ‌കൂർ അനുമതി നേടേണ്ടതാണ്. ഇതിനായി ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റിലെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് സെക്ഷൻ സന്ദർശിക്കേണ്ടതും, നിറം മാറ്റുന്നതിനുള്ള സമ്മതം നേടേണ്ടതുമാണ്. ഈ ഘട്ടത്തിൽ മാറ്റാൻ ഉദ്ദേശിക്കുന്ന നിറം രേഖപ്പെടുത്തിയിട്ടുള്ള ഒരു സത്യവാങ്മൂലം ഒപ്പിട്ട് നൽകേണ്ടതാണ്.
  • മുൻ‌കൂർ അനുമതി നേടിയ ശേഷം, അംഗീകൃത വർക്ക് ഷോപ്പുകളിൽ നിന്ന് വാഹനത്തിന്റെ നിറം മാറ്റാവുന്നതാണ്.
  • ഇതിന് ശേഷം വാഹനം നിറം മാറ്റിയതിന് ശേഷമുള്ള പരിശോധനയ്ക്കായി വീണ്ടും ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റിലെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് സെക്ഷനിൽ ഹാജരാക്കേണ്ടതാണ്. ഈ പരിശോധനകൾക്ക് ശേഷം വാഹന രജിസ്ട്രേഷനിൽ നിറം മാറ്റം സംബന്ധിച്ച വിവരം രേഖപ്പെടുത്തുന്നതാണ്.

ട്രാഫിക് വകുപ്പിൽ നിന്നുള്ള മുൻ‌കൂർ അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റി നൽകുന്ന ഗാരേജുകൾക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Cover Image: Pixabay.