അബുദാബി: സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ ആപ്പ് പുറത്തിറക്കി

featured GCC News

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) സലാമ എന്ന പേരിലുള്ള ഒരു പുതിയ ആപ്പ് പുറത്തിറക്കി. 2023 ഒക്ടോബർ 20-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂൾ ട്രാൻസ്‌പോർട്ട് സേവനങ്ങൾ നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി ITC ഉപയോഗിക്കുന്ന ഇന്റഗ്രേറ്റഡ് സ്മാർട്ട് സംവിധാനത്തിന്റെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജുമായി സഹകരിച്ചാണ് ITC ഇത്തരം ഒരു സേവനം നടപ്പിലാക്കുന്നത്.

സ്‌കൂൾ ബസുകളിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഈ ആപ്പ് സഹായകമാണ്. രക്ഷിതാക്കൾക്കും, സ്‌കൂൾ അധികൃതർക്കുമിടയിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിലൂടെ സ്‌കൂൾ യാത്രാ സംവിധാനങ്ങളിൽ രക്ഷിതാക്കൾക്കുള്ള വിശ്വാസം ഉയർത്തുന്നതിനും അധികൃതർ ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നു.

രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ വീടുകളിൽ നിന്ന് വിദ്യാലയങ്ങളിലേക്കും, തിരികെയും സ്‌കൂൾ ബസുകളിൽ യാത്ര ചെയ്യുന്നത് ട്രാക്ക് ചെയ്യുന്നതിനും, സ്‌കൂൾ അധികൃതർക്ക് വിദ്യാർഥികളുടെ അറ്റൻഡൻസ് സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിനും ഈ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരുടെയും, സൂപ്പർവൈസർമാരുടെയും വിവരങ്ങൾ, അവരുമായി രക്ഷിതാക്കൾക്ക് നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യം മുതലായ സേവനങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനുള്ള സേവനവും ഈ ആപ്പിൽ ലഭ്യമാണ്. അബുദാബിയിലെ പൊതു, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പടെ മുഴുവൻ വിദ്യാലങ്ങൾക്കും ഈ ആപ്പ് ലഭ്യമാക്കുന്നതാണ്.

Cover Image: Abu Dhabi Media Office.