അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ എയിൽ നിന്നുള്ള പ്രവർത്തനങ്ങൾ 2023 നവംബർ 1 മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒക്ടോബർ 31-ന് ടെർമിനൽ സന്ദർശിച്ചു.
സന്ദർശന വേളയിൽ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവും, അബുദാബി എയർപോർട്ടുകളുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ അദ്ദേഹത്തെ അനുഗമിച്ചു.
പുതിയ ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങൾ, ഇവിടെ ഏർപ്പെടുത്തിയിട്ടുള്ള സുസ്ഥിരതയിൽ ഊന്നിയുള്ള ലോകോത്തര സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ഇവർ നേരിട്ട് മനസ്സിലാക്കി.
ടെർമിനലിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചത് വിനോദസഞ്ചാര വളർച്ചയുടെ അടിസ്ഥാനത്തിലാണെന്ന് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി. ഇത് വ്യോമയാന മേഖലയെ മുന്നോട്ട് കൊണ്ടുപോകുകയും അബുദാബിയുടെ സാമ്പത്തികവും സുസ്ഥിരവുമായ വികസനത്തിന് കാര്യമായ ചുവടുവയ്പ്പ് നൽകുകയും ചെയ്യുമെന്നും, ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ പ്രാധാന്യം ഉയർത്തുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുതിയ ടെർമിനൽ പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 11,000 യാത്രക്കാരെ പ്രോസസ്സ് ചെയ്യാനും ഏത് സമയത്തും 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും ഈ ടെർമിനലിലൂടെ സാധിക്കുന്നതാണ്.
WAM