അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) മുന്നറിയിപ്പ് നൽകി. റിയാദ് സീസണുമായി ബന്ധപ്പെട്ട ഔദ്യോഗിക മുദ്രകൾ അനുമതിയില്ലാതെ നേരിട്ടോ, മറ്റേതെങ്കിലും രീതിയിലോ ഉപയോഗിക്കുന്നത് നിയമനടപടികളിലേക്ക് നയിക്കുമെന്ന് GEA കൂട്ടിച്ചേർത്തു.
റിയാദ് സീസൺ ലോഗോ ഉപയോഗിക്കുന്നതിന് അതോറിറ്റിയിൽ നിന്നുള്ള രേഖാമൂലമുള്ള മുൻകൂർ അനുമതി നിർബന്ധമാണെന്ന് GEA വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഴ്ചകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് GEA അറിയിച്ചിട്ടുണ്ട്.
റിയാദ് സീസൺ ഔദ്യോഗിക സ്പോൺസർ എന്ന രീതിയിലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് GEA ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ലോഗോ വിവിധ വാണിജ്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായി GEA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുള്ള കമ്പനികൾ വിവിധ പരസ്യങ്ങൾക്കും, പ്രചാരണ പരിപാടികൾക്കുമായി റിയാദ് സീസൺ ലോഗോ GEA-യിൽ നിന്നുള്ള രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങൾ നടത്തരുതെന്ന് GEA ആഹ്വാനം ചെയ്തു.