രാജ്യത്ത് 2024 ജനുവരി 15 മുതൽ വീട്ടുവാടക സംബന്ധിച്ച പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു. 2024 ജനുവരി 3-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ജനുവരി 15 മുതൽ ഇത്തരം പണമിടപാടുകൾ ‘Ejar’ സംവിധാനത്തിലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നടത്തേണ്ടതാണ്. ‘Mada’, ‘SADAD’ എന്നീ ഡിജിറ്റൽ പേയ്മെന്റ് ചാനലുകൾക്കാണ് ‘Ejar’ ഇതിനായി അംഗീകാരം നൽകിയിരിക്കുന്നത്.
എല്ലാ പുതിയ റെസിഡെൻഷ്യൽ റെന്റൽ കരാറുകളും ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഈ സംവിധാനത്തിന് പുറത്ത് കൂടി നടത്തുന്ന ഇത്തരം പണമിടപാടുകൾ ജനുവരി 15-ന് ശേഷം കണക്കാക്കുന്നതല്ല.
നിലവിൽ വാണിജ്യ വാടക കരാറുകളെ ഈ തീരുമാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.