ഒമാൻ: ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി സെൻട്രൽ ബാങ്ക്

featured GCC News

രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. 2024 ജനുവരി 7-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/CentralBank_OM/status/1743940646417650177

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഏതാനം കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും, 2024 ജനുവരി മുതൽ പരമാവധി 360 ദിവസങ്ങൾക്കുള്ളിൽ ഇവ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്.

താഴെ പറയുന്ന ബാങ്ക്നോട്ടുകളാണ് ഇത്തരത്തിൽ നിരോധിച്ചിരിക്കുന്നത്:

  • 1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 1 റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ നോട്ടുകൾ.
  • 2000 നവംബറിൽ പുറത്തിറക്കിയ 50 റിയാൽ, 20 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.
  • 2005-ൽ പുറത്തിറക്കിയ 1 റിയാൽ സ്‌മാരക ബാങ്ക്നോട്ട്.
  • 2010-ൽ പുറത്തിറക്കിയ 20 റിയാൽ സ്‌മാരക ബാങ്ക്നോട്ട്.
  • 2011, 2012 വർഷങ്ങളിൽ പുറത്തിറക്കിയ 50 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.
  • 2015-ൽ പുറത്തിറക്കിയ 1 റിയാൽ സ്‌മാരക ബാങ്ക്നോട്ട്.
  • 2019-ൽ പുറത്തിറക്കിയ 50 റിയാൽ ബാങ്ക്നോട്ട്.
Source: Central Bank of Oman.

എന്നാൽ ഈ 360 ദിവസം അവസാനിക്കുന്നത് വരെയുള്ള കാലയളവിൽ (2024 ഡിസംബർ 31 വരെ) ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ചില്ലറവ്യാപാരശാലകൾ തുടങ്ങിയവർ ഈ നോട്ടുകൾ പൊതുജനങ്ങളിൽ നിന്ന്, അവ പണമിടപാടുകൾക്കായി നൽകുന്ന അവസരത്തിൽ സ്വീകരിക്കണമെന്നും, മാറ്റിനൽകണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഇവ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള ഈ പരമാവധി കാലാവധി അവസാനിക്കുന്നതോടെ ഇത്തരം നോട്ടുകൾക്ക് പണമിടപാടുകൾ നടത്തുന്നതിനുള്ള നിയമപരമായ മൂല്യം ഉണ്ടാകില്ലെന്നും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.