രാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഒരു ന്യൂനമർദ്ദം അനുഭവപ്പെടാനിടയുണ്ടെന്നും ഇതിന്റെ ഭാഗമായി മഴമേഘങ്ങൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജനുവരി 31-ന് യു എ ഇയുടെ പടിഞ്ഞാറൻ മേഖലകളിലും, തീരപ്രദേശങ്ങളിലും, രാത്രിസമയത്ത് മഴയ്ക്ക് സാധ്യതയുണ്ട്.
ഫെബ്രുവരി 1, 2 തീയതികളിൽ വടക്ക്, കിഴക്ക് മേഖലകളിലും, തീരപ്രദേശങ്ങളിലും മഴ ലഭിക്കാനിടയുണ്ട്. ഈ മേഖലകളിൽ അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ മഴമേഘങ്ങളുടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 2-ന് വടക്കുപടിഞ്ഞാറൻ ദിശയിൽ സാമാന്യം ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും, ഇതിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റിനെ തുടർന്ന് അന്തരീക്ഷത്തിൽ പൊടി, മണൽ എന്നിവ ഉയരുന്നതിനും സാധ്യതയുണ്ട്.
WAM