ലോകത്തെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ ദുബായിൽ പ്രവർത്തനമാരംഭിച്ചു. 2024 ഫെബ്രുവരി 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
സുസ്ഥിരതയിലൂന്നിയുള്ള ഈ ഒഴുകുന്ന ഫയർ സ്റ്റേഷൻ ദുബായ് സിവിൽ ഡിഫൻസാണ് ആരംഭിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകൾ, ഏറ്റവും മികച്ച സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിൽ ദുബായ് സിവിൽ ഡിഫൻസ് മുന്നോട്ട് വെക്കുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ പുതിയ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ.
എമിറേറ്റിലെ ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിലുള്ളവയാണെന്ന് നിരന്തരമായി ഉറപ്പ് വരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ രീതികൾ അവലംബിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതുമായ സിവിൽ ഡിഫൻസ് നയങ്ങളുടെ ഭാഗമായാണിത്. കൂടുതൽ മേഖലകളിലേക്ക് അഗ്നിശമന, സുരക്ഷാ സേവനങ്ങൾ എത്തിക്കുന്നതിനും, കടൽ, കായൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പുതിയ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ സഹായകമാണ്.
ദുബായിലെ അഗ്നിശമന, സുരക്ഷാ സേവനങ്ങൾ ദ്രുതഗതിയിലാക്കുന്നതിന് ഈ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. പരമ്പരാഗത രീതിയിലുള്ള മറൈൻ ഫയർ സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ സുസ്ഥിരവും, പരിസ്ഥിതി സൗഹൃദവുമായ ഈ പുതിയ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ എഴുപത് ശതമാനം കൂടുതൽ ഗുണകരമാണ്.
Cover Image: Dubai Media Office.