എമിറേറ്റിലെ റോഡുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 23-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, റോഡിൽ മനഃപൂർവ്വം വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്. പൊതുസമൂഹത്തിലെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ളതും, മറ്റുള്ളവർക്ക് അപകടത്തിനിടയ്ക്കുന്ന രീതിയിലുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങൾക്കും പിഴ ചുമത്തുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾക്ക് 2000 ദിർഹമാണ് പിഴയായി ചുമത്തുന്നത്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾക്ക് 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ. വാഹനങ്ങളിൽ നിന്ന് വലിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും, അനാവശ്യമായി ഹോൺ മുഴക്കുന്നതും, വലിയ രീതിയിൽ വാഹനത്തിന്റെ എഞ്ചിൻ ഇരപ്പിച്ച് കൊണ്ട് വാഹനം ഓടിക്കുന്നതും ഒഴിവാക്കാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
പാർപ്പിട മേഖലകൾ, മണൽപ്രദേശങ്ങൾക്കരികിലുള്ള റോഡുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ സാധാരണയായി കണ്ട് വരുന്നതെന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രവർത്തികൾ പാർപ്പിട മേഖലകളിലെ നിവാസികൾക്കിടയിൽ അസ്വാസ്ഥ്യം, ആകുലത എന്നിവ ഉണ്ടാക്കുമെന്നും, ഇത് കുട്ടികൾ, മുതിർന്നവർ, രോഗികൾ തുടങ്ങിയവരെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Pixabay.