രാജ്യത്തെ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകൾ, റെസിഡൻസി നടപടിക്രമങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിടുന്ന ‘വർക്ക് ബണ്ടിൽ’ പദ്ധതിയ്ക്ക് യു എ ഇ സർക്കാർ തുടക്കമിട്ടു. 2024 മാർച്ച് 6-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ പദ്ധതിയുടെ ആദ്യ ഘട്ടം ദുബായിൽ നടപ്പിലാക്കുന്നതാണ്. തുടർന്ന് ‘വർക്ക് ബണ്ടിൽ’ പദ്ധതി പടിപടിയായി മറ്റു എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കുമെന്നും യു എ ഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
“സർക്കാർ പ്രവർത്തനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ഗവൺമെൻ്റിനുള്ളിലെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘സീറോ ഗവണ്മെന്റ് ബ്യൂറോക്രസി’ പദ്ധതി ഞങ്ങൾ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വർക്ക് പെർമിറ്റുകൾ, റെസിഡൻസി നടപടിക്രമങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നതിനും, വേഗത്തിലാക്കുന്നതിനും, ലളിതമാക്കുന്നതിനും ലക്ഷ്യമിടുന്ന സംരംഭമായ ‘വർക്ക് ബണ്ടിൽ’ ഇന്ന് ആരംഭിക്കുന്നു.”, ഈ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
“സർക്കാർ ചട്ടക്കൂടുകൾക്കുള്ളിൽ, റെസിഡൻസികളും തൊഴിൽ കരാറുകളും പുതുക്കുന്നതിന് വേണ്ടി നേരത്തെ വേണ്ടിവന്നിരുന്ന 62 ദശലക്ഷം പ്രവൃത്തിദിനങ്ങൾ വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് വർക്ക് ബണ്ടിൽ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ പ്രതിവർഷം 25 ദശലക്ഷം നടപടിക്രമങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനും അതുവഴി സർക്കാർ, സ്വകാര്യ മേഖലകൾക്ക് ഗണ്യമായ ലാഭം നൽകുകയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്യൂറോക്രസിയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു; ഇത് ആളുകളുടെ ജീവിതം ലളിതവും, സന്തോഷകരവുമാക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കുറയ്ക്കാനും അനാവശ്യ ആവശ്യകതകൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ‘സീറോ ബ്യൂറോക്രസി’ പ്രോഗ്രാമുമായി യോജിക്കുന്നതാണ് ഈ പുതിയ സംരംഭം. ഇത് യു എ ഇയിലെ കാര്യക്ഷമത, ഗുണമേന്മ, വഴക്കം എന്നിവയുടെ നിലവാരം വർദ്ധിപ്പിക്കുകയും ബ്യൂറോക്രസി ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ‘വർക്ക് ബണ്ടിൽ’ രൂപീകരിച്ചിട്ടുള്ളത്. പുതുക്കൽ, റദ്ദാക്കൽ, വൈദ്യപരിശോധന, വിരലടയാളം എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ഈ പദ്ധതിയുടെ കീഴിൽ ഒരൊറ്റ പ്ലാറ്റ്ഫോം ആയിരിക്കും ഉപയോഗിക്കുന്നത്.
ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളെ കോർത്തിണക്കിക്കൊണ്ട്, ഏറ്റവും കുറഞ്ഞ ഘട്ടങ്ങളിലൂടെ ഇടപാടുകൾ പൂർത്തിയാക്കുന്നതിനായി പരമാവധി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഈ പദ്ധതി അവലംബിക്കുന്നത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിൻ്റെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് ഹെൽത്ത് എന്നിവയും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ഒരൊറ്റ പ്രതലത്തിലൂടെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഇതിന്റെ ഫലമായി നടപടികൾക്ക് ആവശ്യമായ ഘട്ടങ്ങൾ 15 ഘട്ടങ്ങളിൽ നിന്ന് അഞ്ച് (16 രേഖകൾ ആവശ്യമായിരുന്നതിൽ നിന്ന് 5 രേഖകളാക്കി ചുരുക്കികൊണ്ട്) ഘട്ടങ്ങളാക്കി കുറയ്ക്കുന്നതിനും, സന്ദർശനങ്ങളുടെ എണ്ണം 7 സന്ദർശനങ്ങളിൽ നിന്ന് രണ്ട് സന്ദർശനങ്ങളായി ചുരുക്കുന്നതിനും, ഇടപാട് പൂർത്തിയാക്കാൻ എടുക്കുന്ന സമയം 30 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് 5 പ്രവൃത്തി ദിവസങ്ങളായി കുറയ്ക്കുകയും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നടപടിക്രമങ്ങൾ ലളിതമാക്കാനും പരിശ്രമവും സമയവും കുറയ്ക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി പ്രതിവർഷം 25 ദശലക്ഷം നടപടിക്രമങ്ങളും 12.5 ദശലക്ഷം വാർഷിക സന്ദർശനങ്ങളും 62.5 ദശലക്ഷം പ്രവൃത്തി ദിനങ്ങളും വെട്ടിക്കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ‘വർക്ക് ബണ്ടിൽ’ ലഭ്യമാക്കുന്നത്. തുടർന്ന് വരും കാലയളവിൽ മറ്റ് നിരവധി സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും https://workinuae.ae/ സംവിധാനത്തിലൂടെയും ഈ പദ്ധതി ലഭ്യമാക്കുന്നതാണ്.
അനാവശ്യവും, കാലതാമസങ്ങൾക്കിടയാക്കുന്നതുമായ ഉദ്യോഗസ്ഥഭരണ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനായുള്ള സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിക്ക് ദുബായ് നേരത്തെ തുടക്കമിട്ടിരുന്നു.
WAM