ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യു എ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് (IGFA) ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശന വേളയിൽ 2024 ഫെബ്രുവരി 13-ന് ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നതിനുള്ള ചട്ടക്കൂട് സംബന്ധിച്ച കരാറിൽ അബുദാബിയിൽ വെച്ച് ഒപ്പ് വെച്ചിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, തുറമുഖം, സമുദ്രം, ലോജിസ്റ്റിക്സ് മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ കരാറിൻ്റെ ലക്ഷ്യം.
“ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് ഭാവിയിലെ സംയുക്ത നിക്ഷേപത്തിൻ്റെയും സഹകരണത്തിൻ്റെയും കൂടുതൽ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ മേഖലകൾ ഉൾപ്പെടുത്തിയാണ് IGFA-യ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനുള്ള വിശദമായ ചട്ടക്കൂട് ഈ കരാറിൽ അടങ്ങിയിരിക്കുന്നു. ഇരു രാജ്യങ്ങളുടെയും അധികാരപരിധിയിലെ പ്രസക്തമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി പരസ്പര സമ്മതമുള്ള തത്വങ്ങളുടെയും മാർഗനിർദേശങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരം സഹകരണം”, ഈ കരാറിന് അംഗീകാരം നൽകിയ ശേഷം ഇന്ത്യൻ കാബിനറ്റ് പ്രഖ്യാപിച്ചു.
2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ വെച്ചാണ് ഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
ജി20 ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഈ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി നടപ്പിലാക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുമെന്ന് യു എ ഇ പ്രഖ്യാപിച്ചിരുന്നു.
WAM