യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ റോയൽ ഒമാൻ പോലീസ് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം ചെയ്തു. 2024 മാർച്ച് 19-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അവധിക്കാല യാത്രകൾക്ക് മുന്നോടിയായാണ് ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. യാത്രാ രേഖകളുടെ കാലാവധി, സാധുത എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ഈ അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഔദ്യോഗിക അവധിദിനങ്ങൾ ആരംഭിക്കുന്നതിനും, യാത്ര പുറപ്പെടുന്നതിനും മുൻപായി ഐ ഡി കാർഡുകൾ, പാസ്സ്പോർട്ട്, റെസിഡൻസി പെർമിറ്റുകൾ മറ്റു രേഖകൾ എന്നിവയുടെ സാധുത പുതുക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈദ് അവധികൾ ആരംഭിക്കുന്നതോടെ ഇത്തരം രേഖകൾ പുതുക്കുന്നതിന് വന്നേക്കാവുന്ന കാലതാമസം കണക്കിലെടുത്താണ് ഒമാനിലെ നിവാസികൾക്ക് പോലീസ് ഇത്തരം ഒരു നിർദേശം നൽകിയിരിക്കുന്നത്.