റോഡ് സുരക്ഷ മുൻനിർത്തി വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാഹനങ്ങളിലെ ടേൺ സിഗ്നലുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, മറ്റു വാഹനങ്ങൾക്കും, കാൽ നടയാത്രികർക്കും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സഹായിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വാഹനങ്ങളിലെ ടേൺ സിഗ്നലുകൾക്ക് അതിയായ പ്രാധാന്യമുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാഹനങ്ങൾ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് ദിശമാറ്റുന്നതിന് മുൻപായും, മറ്റു റോഡുകളിലേക്ക് തിരിയുന്നതിന് മുൻപായും ടേൺ ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാതെ വാഹനങ്ങൾ ദിശമാറ്റി ഓടിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരിൽ അമ്പരപ്പ് ഉണ്ടാക്കാനിടയുണ്ടെന്നും, ഇത് വാഹനാപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.