എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഫീസിൽ പരമാവധി 5.2 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. 2024 ഏപ്രിൽ 2-നാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024-25 അധ്യയന വർഷത്തേക്കുള്ള വാർഷിക വിദ്യാഭ്യാസ ചെലവുകളുടെ സൂചികയായ എഡ്യൂക്കേഷൻ കോസ്റ്റ് ഇൻഡക്സ് (ECI) പുറത്ത് വിട്ടുകൊണ്ടാണ് KHDA ഈ അറിയിപ്പ് നൽകിയത്. KHDA പുറത്തുവിട്ട അറിയിപ്പ് പ്രകാരം 2024-25 അധ്യയന വർഷത്തേക്കുള്ള ECI 2.6 ശതമാനമാണ്.
ഓരോ സ്‌കൂളുകളിലും ദുബായ് സ്‌കൂൾസ് ഇൻസ്‌പെക്ഷൻ ബ്യുറോ നടത്തുന്ന ഔദ്യോഗിക പരിശോധനകളുടെ ഫലങ്ങൾ അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും ഫീസ് പുതുക്കി നിർണയിക്കുന്നതിനുള്ള അനുമതി ലഭിക്കാറുള്ളത്. ഈ വർഷത്തെ ECI പ്രഖ്യാപിച്ചതോടെ മുൻവർഷങ്ങളിലെ പരിശോധനാ റേറ്റിംഗ് നിലനിർത്തുന്ന സ്‌കൂളുകൾക്കും റേറ്റിംഗ് മെച്ചപ്പെടുത്തുന്ന സ്‌കൂളുകൾക്കുമാണ് ഫീസിൽ പരമാവധി 5.2 ശതമാനം വർധനവിന് അർഹത ലഭിക്കുന്നത്.
മുൻവർഷങ്ങളിലെ പരിശോധനാ റേറ്റിംഗ് നിലനിർത്തുന്ന സ്‌കൂളുകൾക്ക് 2024-25 അധ്യയന വർഷത്തിൽ തങ്ങളുടെ ട്യൂഷൻ ഫീസ് പരമാവധി 2.6 ശതമാനം വരെ ഉയർത്തുന്നതിന് അനുമതി ലഭിക്കുന്നതാണ്. വാർഷിക റേറ്റിംഗിൽ താഴേയ്ക്ക് പോകുന്ന വിദ്യാലയങ്ങൾക്ക് ട്യൂഷൻ ഫീസ് ഉയർത്താൻ അനുമതിയുണ്ടായിരിക്കില്ല. മോശം റേറ്റിംഗിൽ നിന്ന് തൃപ്തികരമായതും, തൃപ്തികരമായ റേറ്റിംഗിൽ നിന്ന് ഉത്തമമായതുമായ റേറ്റിംഗിലേക്ക് ഉയരുന്ന വിദ്യാലയങ്ങൾക്ക് ഫീസിൽ പരമാവധി 5.2 ശതമാനം വർധനവിന് അർഹത ലഭിക്കുന്നതാണ്.
വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ചെലവുകളിൽ വാർഷികാടിസ്ഥാനത്തിൽ വരുന്ന മാറ്റങ്ങൾ ECI-യിലൂടെ കണക്കാക്കുന്നതാണ്. വാടക, ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബായിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പരിശോധനാ ഫലങ്ങളും വാർഷിക ECI നിലവാരവും അടിസ്ഥാനമാക്കിയാണ് അവയുടെ ഫീസ് ഓരോ വർഷവും പുതുക്കി നിർണയിക്കുന്നതിനുള്ള അനുമതി ലഭിക്കാറുള്ളത്.