രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. 2024 മെയ് 16-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്.
പിൻവലിക്കുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് അസാധുവാകുമെന്നും, അതിനാൽ ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപായി ഇത്തരം കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
ഒമാനിലെ ഏതാനം കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും, 2024 ജനുവരി മുതൽ പരമാവധി 360 ദിവസങ്ങൾക്കുള്ളിൽ ഇവ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആയിരിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചിട്ടുണ്ട്.
ഒമാൻ കറൻസിയുടെ ആറാമത് പതിപ്പിന് മുൻപുള്ള എല്ലാ ബാങ്ക് നോട്ടുകളും ഈ തീരുമാനത്തിന്റെ ഭാഗമായി അസാധുവാകുന്നതാണ്. പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി പൊതുജനങ്ങൾക്ക് റൂവി, സൊഹാർ, സലാല എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകൾ സന്ദർശിക്കാവുന്നതാണ്.
ഇതിന് പുറമെ ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നും ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. പിൻവലിക്കുന്ന നോട്ടുകൾ ഉപയോഗിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള കാലയളവ് അവസാനിക്കുന്ന തീയതി വരെ (2024 ഡിസംബർ 31 വരെ) ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ചില്ലറവ്യാപാരശാലകൾ തുടങ്ങിയവർ ഈ നോട്ടുകൾ പൊതുജനങ്ങളിൽ നിന്ന്, അവ പണമിടപാടുകൾക്കായി നൽകുന്ന അവസരത്തിൽ സ്വീകരിക്കണമെന്നും, മാറ്റിനൽകണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നേരത്തെ നിർദ്ദേശിച്ചിട്ടുണ്ട്.