ഒമാൻ: ഹജാർ മലനിരകളിൽ ജൂൺ 9 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

ഹജാർ മലനിരകളിലും പരിസരപ്രദേശങ്ങളിലും 2024 ജൂൺ 7 മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജൂൺ 6-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ മഴ 2024 ജൂൺ 9 വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ മേഖലയിൽ ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇത് സൗത്ത് അൽ ബതീന, നോർത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ തീരദേശമേഖലകളിൽ താഴ്ന്ന കാർമേഘങ്ങൾ ഉടലെടുക്കുന്നത് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

മേഖലയിൽ താഴ്വരകൾ കരകവിയുന്നതിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.