ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

featured GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 ജൂൺ 25-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈനിലെ തൊഴിൽ മേഖലയിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് അവസാനം വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഉച്ച മുതൽ വൈകീട്ട് 4 മണിവരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വർഷവും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഇതിന്റെ ഭാഗമായി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം വ്യാപകമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ നിയമങ്ങൾ അനുസരിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറം തൊഴിലിടങ്ങളിൽ, മദ്ധ്യാഹ്ന വേളയിലെ പ്രവർത്തനങ്ങൾ വിലക്കിയിട്ടുണ്ട്.

ഇതിൽ വീഴ്ച വരുത്തുന്നവർക്ക് അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയായി ചുമത്തുന്നതാണ്.