കാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്ന നടപടികൾ ഈ വർഷം അവസാനം വരെ ഒഴിവാക്കാൻ ഏപ്രിൽ 5, ഞായറാഴ്ച്ച ചേർന്ന കാബിനറ്റ് യോഗത്തിൽ യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്ന കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം.
കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സമയബന്ധിതമായി വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത അനേകം യു എ ഇ നിവാസികൾക്ക് ഈ തീരുമാനം ആശ്വാസമാകും. നിലവിൽ 2020 അവസാനം വരെയാണ് ഈ പിഴ ചുമത്തുന്നത് ഒഴിവാക്കിയിട്ടുള്ളത്.
ആരോഗ്യ മേഖലയിലെ ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് യു എ ഇയിലെ ഫാക്ടറികളെ കൂടുതൽ ചുമതലകൾ ഏൽപ്പിക്കുന്നതിനുള്ള തീരുമാനങ്ങളും ഈ കാബിനറ്റ് യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്.