കുവൈറ്റ്: അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി

featured GCC News

കുവൈറ്റിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുവൈറ്റ് ആഭ്യന്തര വകുപ്പിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 2024 ജൂൺ 30 വരെ കാലാവധി നൽകിക്കൊണ്ടുള്ള ഒരു പൊതുമാപ്പ് പദ്ധതി നടപ്പിലാക്കിയിരുന്നു. 65000 മുതൽ 70000 വരെ പ്രവാസികൾ ഈ പദ്ധതി പ്രയോജനപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

ജൂൺ 30 വരെയുള്ള കാലയളവിൽ ഈ പദ്ധതി പ്രയോജനപ്പെടുത്തിയ പ്രവാസികൾക്ക് പിഴ, നിയമനടപടികൾ എന്നിവ കൂടാതെ അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും, രേഖകൾ പുതുക്കുന്നതിനും, നിയമപ്രകാരം രാജ്യത്ത് നിന്ന് മടങ്ങുന്നതിനും അനുമതി ലഭിച്ചിരുന്നു. മാനുഷിക പരിഗണന മുൻനിർത്തിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചത്.

പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30-ന് അവസാനിച്ചതോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കിയിട്ടുണ്ട്.