ഒമാൻ: വായ്പ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

വളരെ ലളിതമായ നിബന്ധനകളോടെ വായ്പകൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 25-നാണ് ROP ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെയും, വാട്സാപ്പ്, സ്നാപ്പ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സംവിധാനങ്ങളിലൂടെയും വരുന്ന ഇത്തരം സന്ദേശങ്ങളുടെ കെണിയിൽ അകപ്പെടരുതെന്ന് പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ പേര് ദുരുപയോഗം ചെയ്യുന്നതായും, അസാധാരണമായ ഇളവുകളോടെ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ഉള്ളടക്കങ്ങളോടെയുള്ളവയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം സന്ദേശങ്ങളിലടങ്ങിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും, ഇവയ്ക്ക് മറുപടിയായി സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങൾ വ്യക്തികളിൽ നിന്ന് സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം അവ ദുരുപയോഗം ചെയ്യുന്നതായും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.