നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 112 രാജ്യങ്ങളിൽ നിന്നുള്ള 2500-ൽ പരം പ്രസാധകർ പങ്കെടുക്കും

UAE

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) വിശദാംശങ്ങൾ സംബന്ധിച്ച് ഷാർജ ബുക്ക് അതോറിറ്റി (SBA) പ്രഖ്യാപനം നടത്തി. 2024 ഒക്ടോബർ 7-നാണ് SBA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

SBA ആസ്ഥാനത്ത് വെച്ച് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

SBA സി ഇ ഓ അഹ്മദ് ബിൻ റക്കാദ് അൽ അമീരി, മൊറോക്കോ അംബാസഡർ അഹ്മദ് എൽ താസി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലാഫ്, SIBF ജനറൽ കോഓർഡിനേറ്റർ ഖൗല അൽ മുജെയ്‌നി, SIBF പ്രൊഫഷണൽ കോൺഫെറൻസസ് ജനറൽ കോഓർഡിനേറ്റർ മൻസൂർ അൽ ഹസനി എന്നിവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2024 നവംബർ 6-ന് ആരംഭിക്കുന്നതാണ്. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2024 നവംബർ 17 വരെ നീണ്ട് നിൽക്കും.

മൊറോക്കോയാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം. 112 രാജ്യങ്ങളിൽ നിന്നുള്ള 2520 പ്രസാധകർ ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്.

‘അത് ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട് വായന, അറിവ് എന്നിവയ്ക്കുള്ള പ്രാധാന്യം ഈ ആശയം എടുത്ത് കാട്ടുന്നു.

യു എ ഇയിൽ നിന്നുള്ള 234-ഉം, ഈജിപ്തിൽ നിന്നുള്ള 172-ഉം, ലെബനനിൽ നിന്നുളള 88-ഉം, ഇന്ത്യയിൽ നിന്നുള്ള 52-ഉം പ്രസാധകർ ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നുണ്ട്. പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് 1357-ൽ പരം പരിപാടികൾ അരങ്ങേറുന്നതാണ്.