സൗദി അറേബ്യ: സമുദ്ര പരിസ്ഥിതി മലിനീകരണം നടത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

സമുദ്ര പരിസ്ഥിതി മലിനീകരണം നടത്തുന്നവർക്ക് കനത്ത പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 20-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ സമുദ്ര പരിസ്ഥിതി മലിനീകരണം, ജലാശയങ്ങൾ മലിനമാക്കൽ തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുന്നതാണ്. പുതിയ പരിസ്ഥിതി നിയമം അനുസരിച്ച് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പത്ത് വർഷം വരെ തടവും, മുപ്പത് മില്യൺ റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

സമുദ്ര പരിസ്ഥിതി, ജലാശയങ്ങൾ തുടങ്ങിയവയുടെ സംരക്ഷണം മുൻനിർത്തിയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ നിയമം. ജലാശയങ്ങളിൽ രാസമാലിന്യം, മറ്റു മലിനവസ്തുക്കൾ എന്നിവ തള്ളുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തിന് ഒരു മില്യൻ മുതൽ മുപ്പത് മില്യൺ റിയാൽ വരെ പിഴ (മലിനീകരണത്തിന്റെ തീവ്രത കണക്കിലെടുത്ത്) ലഭിക്കുന്നതാണ്.

ഇത്തരം ശിക്ഷാ നടപടികൾ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഒരു പോലെ ബാധകമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സൗദി അറേബ്യ നൽകുന്ന പ്രാധാന്യം ഇത് ചൂണ്ടിക്കാട്ടുന്നു.