ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് കരട് നിയമത്തിന് രൂപം നൽകി. അലക്ഷ്യമായ ഡ്രൈവിംഗ് ശീലങ്ങൾ, ഗുരുതരമായ റോഡപകടങ്ങൾ എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ ട്രാഫിക് നിബന്ധനകളിൽ ഭേദഗതികൾ വരുത്തിയാണ് ഈ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.
ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൗസേഫ് സൗദ് അൽ സബാഹ് കുവൈറ്റ് ക്യാബിനറ്റിൽ കഴിഞ്ഞ ആഴ്ച സമർപ്പിച്ച ഈ പുതിയ കരട് നിയമം കുവൈറ്റിലെ ജുഡീഷ്യൽ അധികൃതർ അവലോകനം ചെയ്തതായി ട്രാഫിക് ആൻഡ് ഓപറേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈറ്റിൽ നിലവിലുള്ള ട്രാഫിക് നിയമങ്ങൾ 1979-ൽ രൂപീകരിച്ചതാണെന്നും നിലവിലെ ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിന് അത് അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താമസിയാതെ ഈ പുതിയ കരട് നിയമം ഔദ്യോഗിക അംഗീകാരത്തിനായി അമീർ H.H. മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബായ്ക്ക് സമർപ്പിക്കുന്നതാണ്.
പുതിയ കരട് നിയമം അനുസരിച്ച് ട്രാഫിക് നിയമലംഘനങ്ങൾക്ക് കുവൈറ്റ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പിഴ തുകകൾ:
- വാഹനം ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 5 ദിനാറാണ്.
- സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 30 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 10 ദിനാറാണ്.
- അലക്ഷ്യമായും അപകടകരമായും ഡ്രൈവ് ചെയ്യുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 30 ദിനാറാണ്.
- പൊതു നിരത്തുകളിൽ വാഹനങ്ങൾ റേസ് ചെയ്യുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 50 ദിനാറാണ്.
- ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ, കേടുപാടുകൾ വന്ന വാഹനങ്ങൾ എന്നിവ ഓടിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 10 ദിനാറാണ്.
- അംഗവൈകല്യമുള്ളവർക്കായി നിജപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 10 ദിനാറാണ്.
- അമിതവേഗത സംബന്ധിച്ച പിഴതുകകൾ 70 മുതൽ 150 ദിനാർ വരെയാക്കും. നിലവിൽ ഇത് 20 മുതൽ 50 ദിനാർ വരെയാണ്.
- മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിക്കുന്നവർക്ക് 1000 മുതൽ 3000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് ഒന്ന് മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
- മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിച്ച് കൊണ്ട് പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് 2000 മുതൽ 3000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
- മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിച്ച് കൊണ്ട് മറ്റുള്ളവർക്ക് പരുക്ക് പറ്റുന്നതിന് ഇടയാക്കുന്നവർക്കും, മരണത്തിനിടയാക്കുന്നവർക്കും 2000 മുതൽ 5000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
ഈ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം, അലക്ഷ്യമായ ഡ്രൈവിംഗ്, അമിതവേഗം, റേസിംഗ്, ട്രാഫിക്കിനെതിരായി വാഹനമോടിക്കുക, ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകളും ഈ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റിലെ പ്രവാസികൾക്ക് ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള വ്യവസ്ഥകളും ഈ കരട് നിയമത്തിലുണ്ട്.
Cover Image: Kuwait News Agency.