വിലക്കിഴിവ് വാഗ്ദാനം ചെയ്തു കൊണ്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 25-നാണ് റാസ് അൽ ഖൈമ പൊലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിവിധ പരിപാടികളുടെ ടിക്കറ്റുകൾ, യാത്രാ ടിക്കറ്റുകൾ മുതലായവയുമായി ബന്ധപ്പെട്ട് വരുന്ന അവിശ്വസനീയമായ വിലക്കിഴിവുകളിൽ വഞ്ചിതരാകരുതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വിമാനയാത്ര, സംഗീതപരിപാടികൾ, ഹോട്ടൽ ബുക്കിംഗ്, കായികമത്സരങ്ങൾ, മറ്റു പരിപാടികൾ തുടങ്ങിയവയുടെ ടിക്കറ്റുകളുമായി ബന്ധപ്പെട്ട് ഇത്തരം തട്ടിപ്പുകൾ നടന്ന് വരുന്നതായി പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകൾ, ഔദ്യോഗിക വില്പനകേന്ദ്രങ്ങൾ തുടങ്ങിയ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വാങ്ങാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അവിശ്വസനീയവും, സംശയകരവുമായ രീതിയിലുള്ള വിലക്കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്ന് പരിശോധിച്ച് ഉറപ്പ് വരുത്താതെ ഇവ വാങ്ങരുതെന്നും, പണം നഷ്ടപ്പെടുത്തരുതെന്നും പോലീസ് കൂട്ടിച്ചേർത്തു.

പണമിടപാടുകൾക്കായി സുരക്ഷിതവും, വിശ്വസനീയമായതുമായ പേയ്‌മെന്റ് സംവിധാനങ്ങൾ മാത്രം ഉപയോഗപ്പെടുത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ പണം നഷ്ടപ്പെടാതെ റീഫണ്ട് ലഭിക്കുന്നതിന് ഇത് ഏറെ പ്രധാനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വ്യാജ ടിക്കറ്റുകളിൽ ലഭിക്കുന്ന സാഹചര്യത്തിൽ പണം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ ബാങ്ക് ട്രാൻസ്ഫർ, ക്യാഷ് പേയ്‌മെന്റ് തുടങ്ങിയ രീതികൾ ഒഴിവാക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. വമ്പിച്ച വിലക്കിഴിവിൽ ഇത്തരം ടിക്കറ്റുകൾ വാഗ്ദാനം ചെയ്തു കൊണ്ട് ലഭിക്കുന്ന എസ് എം എസ്, ഇമെയിൽ സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും പോലിസ് കൂട്ടിച്ചേർത്തു.