റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വണ്ടർ ഗാർഡൻ 2024 നവംബർ 7-ന് തുറക്കും. റിയാദ് സീസൺ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്.
വണ്ടർ ഗാർഡനിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ‘Webook’ സംവിധാനത്തിലൂടെ ഈ ടിക്കറ്റുകൾ ലഭ്യമാണ്.
റിയാദ് സീസണിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് വണ്ടർ ഗാർഡൻ. തൊണ്ണൂറിലധികം വിനോദങ്ങൾ, പത്തോളം പുതിയ കാഴ്ചാനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മായികതയുടെയും, പ്രകൃതി ഭംഗിയുടെയും സമന്വയമായ വണ്ടർ ഗാർഡൻ ഒരുക്കിയിരിക്കുന്നത്.
ഫ്ലോറ സോൺ, ബബിൾ ഗാർഡൻ തുടങ്ങിയ അനുഭവങ്ങൾ ഇത്തവണത്തെ വണ്ടർ ഗാർഡനിലെ പുതിയ ആകർഷണങ്ങളാണ്. വണ്ടർ ഗാർഡനിലെത്തുന്ന സന്ദർശകർക്ക് ആയിരത്തിലധികം സ്പീഷീസിലുള്ള പൂമ്പാറ്റകളെ അടുത്തറിയാൻ അവസരമൊരുക്കുന്ന ‘ബട്ടർഫ്‌ളൈ ഗാർഡൻ’, ‘ജംഗിൾ അഡ്വെഞ്ചർ’ സോൺ തുടങ്ങിയ ആകർഷണങ്ങളും ആസ്വദിക്കാവുന്നതാണ്.
ഇതിന് പുറമെ വിവിധ കലാപരിപാടികൾ, സംഗീത പരിപാടികൾ തുടങ്ങിയവയും വണ്ടർ ഗാർഡനിൽ ഒരുക്കുന്നതാണ്. സാധാരണ ദിവസങ്ങളിൽ വൈകീട്ട് 5 മണിമുതൽ രാത്രി 12 മണിവരെയും, വാരാന്ത്യങ്ങളിൽ വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെയുമാണ് വണ്ടർ ഗാർഡനിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇത്തവണത്തെ റിയാദ് സീസന്റിന്റെ ഭാഗമായിട്ടുള്ള റിയാദ് സൂ ഒക്ടോബർ 30-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12, ശനിയാഴ്ച ആരംഭിച്ചിരുന്നു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്.
ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരം രണ്ട് ദശലക്ഷം സന്ദർശകർ റിയാദ് സീസൺ 2024 വേദി സന്ദർശിച്ചിരുന്നു.
Cover Image: Riyadh Season.