വ്യക്തികളെ വിവിധ തട്ടിപ്പുകൾക്കിരയാക്കുന്നതിന് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു. 2024 നവംബർ 10-നാണ് റോയൽ ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
إعلانات وهمية بأوجه رسمية..#شرطة_عمان_السلطانية pic.twitter.com/GXJ0zc7ema
— شرطة عُمان السلطانية (@RoyalOmanPolice) November 10, 2024
ഔദ്യോഗിക മുദ്രകൾ, വിവിധ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്ത് കൊണ്ട് നിർമ്മിക്കുന്ന ഇത്തരം വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കിരയാകരുതെന്ന് പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈൻ പരസ്യങ്ങളുടെ അധികാരികത ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇവയുമായി ഇടപാടുകൾ നടത്താൻ പാടുള്ളൂ എന്നും റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം പരസ്യങ്ങൾ വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടാണ് നിർമ്മിക്കുന്നതെന്നും അതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുന്നതിനായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്:
- ഇത്തരം ഓൺലൈൻ പരസ്യങ്ങളുടെ സ്രോതസ്സ്, അധികാരികത എന്നിവ എപ്പോഴും ഉറപ്പ് വരുത്തേണ്ടതാണ്.
- ഇത്തരം പരസ്യങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഔദ്യോഗിക മുദ്രകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
- ഇത്തരം പരസ്യങ്ങളോടൊപ്പം വരുന്ന സംശയകരമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.
- സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ പങ്ക് വെക്കുന്നത് ഒഴിവാക്കേണ്ടതാണ്.