സൗദി അറേബ്യ: മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വിലക്ക്

GCC News

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങൾ, മുദ്രകൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് സൗദി വാണിജ്യ വകുപ്പ് മന്ത്രി ഡോ. മജീദ് അൽ ഖസാബി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം, മറ്റു രാജ്യങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങൾ, മുദ്രകൾ, ഔദ്യോഗിക ലോഗോകൾ മുതലായവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് സൗദി അറേബ്യയിൽ വിലക്കിയിട്ടുണ്ട്.

ഇതിന് പുറമെ മതപരമായ ചിഹ്നങ്ങൾ, ലോഗോകൾ തുടങ്ങിയവയ്ക്കും ഈ വിലക്ക് ബാധകമാണ്. ഇത്തരം ചിഹ്നങ്ങളുടെ ദുരുപയോഗം തടയുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഴ്ചകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്.

ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 90 ദിവസത്തിന് ശേഷം ഈ തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്.