‘സായിദ് ആൻഡ് റാഷിദ്’: ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

UAE

‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്യുന്നു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് എയർപോർട്ട്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നിവർ ചേർന്നാണ് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികളെ ‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ലോഗോ ഉൾപ്പെടുത്തിയിട്ടുളള ഈ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്യുന്നത്. യു എ ഇയുടെ സ്ഥാപക പിതാക്കളോടുള്ള ബഹുമാനസൂചകമായാണ് ‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

ബ്രാൻഡ് ദുബായിയുടെ നേതൃത്വത്തിലാണ് ‘#ZayedAndRashid’ എന്ന പ്രചാരണ പരിപാടി ഒരുക്കിയിരിക്കുന്നത്. ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ പൈതൃകത്തിന്റെ ആഘോഷമെന്ന രീതിയിലാണിത്.

Source: Dubai Media Office.

യു എ ഇ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ ദർശനങ്ങൾ, പ്രയത്നങ്ങൾ എന്നിവ വഹിച്ചിട്ടുള്ള പങ്ക്, ആഗോള തലത്തിൽ തന്നെ പുതുമ, അഭിവൃദ്ധി, ആനന്ദം തുടങ്ങിയവയുടെ ആഗോളതലത്തിൽ തന്നെയുള്ള പ്രതീകമായി യു എ ഇ വളരുന്നതിലേക്ക് ഇവർ പാകിയ അടിത്തറ എന്നിവ ഈ പ്രചാരണപരിപാടി എടുത്ത് കാട്ടുന്നു.

ഒരു മാസം നീണ്ട്‌ നിൽക്കുന്ന യു എ ഇ ദേശീയദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രാചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 2024 ഡിസംബർ 31 വരെ ദുബായിലേക്ക് പ്രവേശിക്കുന്ന സന്ദർശകരുടെ പാസ്സ്പോർട്ടുകളിൽ ഈ പ്രത്യേക ലോഗോ ഉൾപ്പെടുത്തിയിട്ടുളള സ്റ്റാമ്പ് പതിപ്പിക്കുന്നതാണ്.