അബുദാബി: ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം ഉദ്ഘാടനം ചെയ്തു

featured GCC News

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ‘ലൈറ്റ് ആൻഡ് പീസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും, വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം ഈ മ്യൂസിയത്തിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു.

Source: Abu Dhabi Media Office.

നിരവധി ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു. ഇസ്ലാമിക സംസ്കാരങ്ങളെക്കുറിച്ചും, ചരിത്രത്തിലുടനീളം അവ മുന്നോട്ട് വെച്ചിട്ടുള്ള കല, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംഭവനകളെക്കുറിച്ചും ഈ മ്യൂസിയത്തിൽ നിന്ന് അടുത്തറിയാവുന്നതാണ്.

Source: Abu Dhabi Media Office.

സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ പ്രതീകമായി ഇസ്ലാം നിലനിന്നതിന്റെ അടയാളങ്ങൾ ഈ മ്യൂസിയം എടുത്ത് കാട്ടുന്നു. നൂതന സാങ്കേതികവിദ്യകൾ, മൾട്ടിമീഡിയ സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്ന ഈ മ്യൂസിയത്തിൽ അഞ്ച് പ്രത്യേക മേഖലകളാണുള്ളത്. അപൂർവവും, അതുല്യവുമായ വസ്തുക്കളിലൂടെ സന്ദർശകർക്ക് വിവിധ നാഗരികതകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സാംസ്‌കാരിക അടയാളങ്ങൾ എന്നിവ അടുത്തറിയുന്നതിന് ഈ മ്യൂസിയം അവസരമൊരുക്കുന്നു.

Source: Abu Dhabi Media Office.

മ്യൂസിയത്തിലെ ‘ഡോമ് ഓഫ് പീസ്’ എന്ന പ്രത്യേക മേഖലയിൽ ഒരുക്കിയിട്ടുള്ള പ്രകാശാനുഭവം വിവിധ സംസ്കാരങ്ങളുടെ സന്ദേശങ്ങളുടെ സമന്വയമാണ്. സംസ്കാരം, സമാധാനം, സഹവർത്തിത്വം തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി യു എ ഇ മുന്നോട്ട് വെക്കുന്ന ശ്രമങ്ങളുടേയും, ഇത് സംബന്ധിച്ച യു എ ഇയുടെ ദർശനങ്ങളുടെയും പ്രതിഫലനമാണ് ഈ മ്യൂസിയം എന്ന് H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനവേളയിൽ ചൂണ്ടിക്കാട്ടി.

പൊതുജനങ്ങൾക്ക് ഈ മ്യൂസിയത്തിലേക്ക് താമസിയാതെ തന്നെ പ്രവേശനം അനുവദിക്കുമെന്ന് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ കൂട്ടിച്ചേർത്തു.