ഒമാൻ: ഡിസംബർ 1 വരെ മഴയ്ക്ക് സാധ്യത

GCC News

2024 ഡിസംബർ 1 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 നവംബർ 27-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം വാരാന്ത്യത്തോടെ ഒമാനിലെ കാലാവസ്ഥയിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 നവംബർ 28 മുതൽ ഡിസംബർ 1, ഞായർ വരെ വടക്കൻ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഹജാർ മലനിരകളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും ഈ കാലയളവിൽ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും, സാമാന്യം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നവംബർ 29, വെള്ളിയാഴ്ച മുതൽ ഡിസംബർ 2, തിങ്കളാഴ്ച്ച വരെ ദോഫാർ ഗവർണറേറ്റിന്റെ പർവ്വതമേഖലകളിൽ 15 മുതൽ 30 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.