യു എ ഇ: ഷെയ്ഖ് സായിദിന്റെ ജീവിത കഥ പറയുന്ന ‘സായിദ് – എ വിഷ്വൽ ജേർണി’

featured GCC News

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ് ഷെയ്ഖ് സായിദിന്റെ ജീവിത കഥ പറയുന്ന ‘സായിദ് – എ വിഷ്വൽ ജേർണി’ എന്ന ഗ്രന്ഥത്തിന്റെ നിരവധി കോപ്പികൾ രാജ്യത്തെ പ്രമുഖ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സമ്മാനമായി നൽകി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയുടെ സ്ഥാപക പിതാവിന്റെ ജീവിതം ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം യു എ ഇ നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സാണ് പ്രസിദ്ധീകരിച്ചത്.

Source: Abu Dhabi Media Office.

ഏഴ് പതിറ്റാണ്ടുകളിൽ ഷെയ്ഖ് സായിദ് കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനാഘോഷങ്ങളുടെ വേളയിൽ നൽകാനുതകുന്ന ഏറ്റവും മികച്ച ഉപഹാരമാണെന്ന് നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ് ഡയറക്ടർ ജനറൽ H.E. അബ്ദുല്ല മജീദ് അൽ അലി അഭിപ്രായപ്പെട്ടു.

സ്ഥാപക പിതാവിന്റെ പൈതൃകം രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിച്ച വെല്ലുവിളികളെയും, വിജയങ്ങളെയുംക്കുറിച്ച് അടുത്തറിയാനും, അവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ മനസ്സിലാക്കുന്നതിനും ഈ പുസ്തകം വായനക്കാരെ സഹായിക്കുന്നു. ദേശീയ, സാംസ്കാരിക മൂല്യങ്ങൾ എടുത്ത് കാട്ടുന്ന ഈ ഗ്രന്ഥം ഷെയ്ഖ് സായിദിന്റെ ജീവിതത്തിലെ ഓരോ പ്രധാന നിമിഷങ്ങളെയും രേഖപ്പെടുത്തുന്നതായി അബ്ദുല്ല മജീദ് അൽ അലി ചൂണ്ടിക്കാട്ടി.

448 പേജുകളുള്ള ഈ പുസ്തകത്തിൽ 11 അധ്യായങ്ങളിലായി 640 അമൂല്യമായ ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സിന്റെ പ്രത്യേക ശേഖരത്തിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. 2024-ലെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ് ഈ പുസ്തകം പ്രദർശിപ്പിച്ചിരുന്നു.