സൗദി: പ്രവാസികൾക്കുള്ള എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകി

GCC News

സൗദിയിലെ പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു. നിലവിൽ ഫെബ്രുവരി 25 മുതൽ മെയ് 24 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന വിസകളാണ് 3 മാസത്തേക്ക് കൂടി നീട്ടി നൽകുന്നത്. കാലാവധി നീട്ടുന്നതിന് പ്രത്യേക ഫീസുകൾ ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കാലാവധി നീട്ടിക്കിട്ടുന്നതിനു പാസ്സ്‌പോർട്ട് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും, ഇതിനാവശ്യമായ നടപടികൾ സ്വയമേവ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയിലെ നിലവിലെ യാത്രാവിലക്കിന്റെ കാലയളവിൽ രാജ്യത്തിനകത്തുള്ള വാണിജ്യ, വ്യവസായിക മേഖലകളിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളുടെ വിസകളാണ് ഈ നടപടിയുടെ ഭാഗമായി നീട്ടിനൽകുന്നത്. നിലവിൽ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും എക്സിറ്റ്, റീ-എൻട്രി വിസകൾ നീട്ടിനൽകുന്നതിനുള്ള സേവനങ്ങൾ ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് കഴിഞ്ഞ ആഴ്ച്ചയിൽ ആരംഭിച്ചിരുന്നു. നിലവിൽ സൗദിയ്ക്ക് വെളിയിലുള്ള നിവാസികളുടെ വിസകൾ നീട്ടുന്നതിനുള്ള നടപടികൾ തൊഴിലുടമകളുടെ ഭാഗത്ത് നിന്ന് (കുടുംബാംഗങ്ങളുടെ വിസയ്ക്കായി കുടുംബനാഥന്റെ ഭാഗത്ത് നിന്ന്) ഓൺലൈനിലൂടെ ചെയ്യേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.