ഒമാൻ: വേതനം ഉറപ്പാക്കുന്നതിനുള്ള WPS സംവിധാനവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു

featured GCC News

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഉറപ്പാക്കുന്നതിനുള്ള വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റവുമായി (WPS) ബന്ധപ്പെട്ട് ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2024 ഡിസംബർ 15-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് പ്രകാരം, മന്ത്രാലയം ‘729/2024’ എന്ന ഒരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഔദ്യോഗിക ഉത്തരവ് ’53/2023′ പ്രകാരമുള്ള ഒമാനിലെ തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് ഈ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണിത്.

ഈ പുതിയ ഉത്തരവ് പ്രകാരം ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയം പ്രധാനമായും അറിയിച്ചിരിക്കുന്നത്:

  • ശമ്പള വിതരണം സംബന്ധിച്ച പ്രക്രിയകളിൽ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) ഉപയോഗിച്ചുള്ള നിരീക്ഷണം ഉറപ്പ് വരുത്തുന്നതാണ്. ഇതിനായി തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാർക്ക് നൽകേണ്ടതായ വേതനം അവരുടെ സെൻട്രൽ ബാങ്ക് ഓഫ് ഒമാന് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടിവരുന്നതാണ്.
  • ഇത്തരം ശമ്പളവിതരണം തൊഴിലാളികളുമായുള്ള കരാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ പാലിച്ച് കൊണ്ടായിരിക്കണം.
  • തൊഴിലാളികളുടെ ശമ്പളത്തിൽ മാറ്റം വരുന്ന സാഹചര്യത്തിൽ തൊഴിലുടമ നിർബന്ധമായും ആ വിവരം തൊഴിൽ കരാറിൽ മാറ്റി രേഖപ്പെടുത്തേണ്ടതാണ്.
  • ശമ്പളവിതരണം അതിനായി നിശ്ചയിച്ചിട്ടുള്ള തീയതിയിൽ നിന്ന് പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ നടത്തേണ്ടതാണ്.
  • ഒമാൻ തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക വിഭാഗം WPS സംവിധാനത്തിന്റെ നടപ്പിലാക്കൽ, പണമിടപാടുകളുടെ നിരീക്ഷണം, രേഖകൾ സൂക്ഷിക്കൽ തുടങ്ങിയ പ്രക്രിയകൾ നടത്തുന്നതാണ്.

WPS സംവിധാനത്തിലൂടെയുള്ള വേതന വിതരണത്തിൽ തൊഴിലുടമകൾക്ക് ഇളവ് അനുവദിച്ചിരിക്കുന്ന ഇളവുകൾ:

  • തൊഴിൽ തർക്കം മൂലം മുപ്പത് ദിവസത്തിലധികമായി തൊഴിൽ തടസപ്പെടുന്ന സാഹചര്യത്തിൽ
  • തൊഴിലുടമയുടേതല്ലാത്ത കാരണങ്ങളാൽ മുപ്പത് ദിവസത്തിലധികമായി തൊഴിൽ തടസപ്പെടുന്ന സാഹചര്യത്തിൽ
  • മുപ്പത് ദിവസത്തെ തൊഴിൽ കാലയളവ് പൂർത്തിയാക്കാത്ത പുതിയ ജീവനക്കാർക്ക് WPS സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്യണം എന്ന വ്യവസ്ഥ ബാധകമല്ല.
  • ശമ്പളമില്ലാതെ അവധിയിൽ പ്രവേശിച്ചിട്ടുള്ള ജീവനക്കാരുടെ കാര്യത്തിൽ.