രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് താത്കാലികമായി മാറ്റുന്നതിനുള്ള പുതുക്കിയ വ്യവസ്ഥകൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി. 2024 ഡിസംബർ 15-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Ministerial Decision No. 730/2024 on the regulation of the temporary transfer of non-Omani workers between private sector establishments.#MoL pic.twitter.com/8WMb7S76rw
— وزارة العمل -سلطنة عُمان (@Labour_OMAN) December 15, 2024
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ’73/2024′ എന്ന ഒരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് താത്കാലികമായി മാറ്റുന്നതിനുള്ള നിബന്ധനകൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സ്വദേശിവത്കരണ വ്യവസ്ഥകൾ, തൊഴിൽ നിയമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി മാത്രമാണ് പ്രവാസി തൊഴിലാളികളുടെ ഇത്തരം താത്കാലിക കൈമാറ്റം നടക്കുന്നതെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം.
ഈ പുതിയ തീരുമാനം അനുസരിച്ച് താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ച് കൊണ്ട് മാത്രമാണ് ഒമാനിൽ പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് താത്കാലികമായി മാറ്റുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
- ഇത്തരത്തിൽ താത്കാലികമായി മാറ്റുന്ന തൊഴിലാളിയുടെ തൊഴിൽ പദവി സ്വദേശിവത്കരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളതായിരിക്കരുത്.
- തൊഴിലാളിയുടെ തൊഴിൽ മേഖല, തൊഴിൽ പദവി എന്നിവയുമായി സാമ്യമുള്ള പദവികളിലേക്ക് മാത്രമാണ് മാറ്റം അനുവദിക്കുന്നത്.
- തൊഴിലാളിയുടെ അനുവാദത്തോട് കൂടി മാത്രമാണ് ഈ മാറ്റം അനുവദിക്കുന്നത്.
- ഇത്തരം തൊഴിലാളികൾ അവരുടെ സ്ഥാപനത്തിൽ ചുരുങ്ങിയത് ആറ് മാസമെങ്കിലും തൊഴിലെടുത്തവരായിരിക്കണം.
- ഇവർക്ക് ആറ് മാസത്തെ കാലാവധി ബാക്കിയുള്ള സാധുതയുള്ള വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം.
- തൊഴിലാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ അടച്ച് തീർക്കേണ്ടതായ കുടിശിഖകളോ, മറ്റു സേവനങ്ങളിലെ തടസങ്ങളോ ഉണ്ടായിരിക്കരുത്.
- ഇത്തരം സ്ഥാപനങ്ങളിലെ ആകെ ജീവനക്കാരുടെ എണ്ണത്തിൽ പരമാവധി അമ്പത് ശതമാനം വരെയുള്ള ജീവനക്കാരെ മാത്രമാണ് ഒരു കലണ്ടർ വർഷത്തിൽ താത്കാലികമായി മാറ്റുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
- പരമാവധി ആറ് മാസത്തേക്ക് മാത്രമാണ് തൊഴിലാളികളെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് താത്കാലികമായി മാറ്റുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
- ഇത്തരത്തിൽ താത്കാലികമായി മാറ്റുന്ന തൊഴിലാളികളെ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ഇവരുടെ എല്ലാ അവകാശങ്ങളും അനുവദിച്ച് നൽകേണ്ടതാണ്. ഇവർക്ക് മുമ്പുണ്ടായിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിച്ചിരുന്ന തത്തുല്യ വേതനം, അല്ലെങ്കിൽ അതിൽ കൂടുതൽ വേതനം ഉറപ്പാക്കേണ്ടതും, ഒമാനിലെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ച് കൊണ്ട് അവകാശങ്ങൾ നൽകേണ്ടതുമാണ്.