ഒമാൻ: നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ തീരുമാനം

GCC News

എല്ലാ വർഷവും നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ തീരുമാനിച്ചതായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് കൊണ്ട് 2025 ജനുവരി 11-ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് ഒമാൻ ഭരണാധികാരി ഇക്കാര്യം അറിയിച്ചത്.

നവംബർ 20-നെ അൽ ബുസൈദി രാജവംശത്തിന്റെ സ്ഥാപകദിനമായാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വർഷം തോറും നവംബർ 20 നാഷണൽ ഡേ എന്ന രീതിയിൽ ആചരിക്കാനുള്ള തീരുമാനം.

“1744 എ ഡി മുതൽ നമ്മുടെ പ്രിയപ്പെട്ട നാടിനെ സേവിക്കുക എന്ന ബഹുമതി സയ്യിദ് അഹ്‌മദ്‌ ബിൻ സൈദ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ അൽ ബുസൈദി കുടുംബത്തിന് ലഭിച്ചത് നവംബർ 20-നാണ്.”, അദ്ദേഹം അറിയിച്ചു. ഒമാൻ എന്ന രാജ്യത്തിനെ ഒത്തൊരുമിപ്പിച്ചതിൽ സയ്യിദ് അഹ്‌മദ്‌ ബിൻ സൈദ് അൽ ബുസൈദി വഹിച്ച പങ്കിനെയും, നേതൃത്വത്തെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്ത് കാട്ടി.