അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ ആരംഭിച്ചു

featured GCC News

അബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് ആരംഭിച്ചു. 2025 ജനുവരി 25-നാണ് ഒമ്പതാമത് അൽ ഹൊസൻ ഫെസ്റ്റിവൽ ആരംഭിച്ചത്.

അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക മേള യു എ ഇയുടെ പൈതൃകത്തിന്റെ പ്രതീകമാണ്.

അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ H.H. ഷെയ്ഖ് ഹമീദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അൽ ഹൊസൻ ഫെസ്റ്റിവൽ വേദി സന്ദർശിച്ചു. ഇവർ അൽ ഹൊസൻ ഫെസ്റ്റിവൽ വേദിയിലൂടെ പര്യടനം നടത്തുകയും വിവിധ പവലിയനുകൾ സന്ദർശിക്കുകയും ചെയ്തു.

ഇത്തവണത്തെ അൽ ഹൊസൻ ഫെസ്റ്റിവൽ 2025 ജനുവരി 25 മുതൽ ഫെബ്രുവരി 9 വരെ നീണ്ട് നിൽക്കും. സാംസ്‌കാരിക തനിമയുടെ ആഘോഷമായ അൽ ഹൊസൻ ഫെസ്റ്റിവൽ അബുദാബി നഗരത്തിന്റെ ഉത്പത്തിസ്ഥാനവും, ചരിത്രപ്രസിദ്ധമായ ഖ്‌അസ്‌ർ അൽ ഹൊസൻ ഫോർട്ട് സ്ഥിതി ചെയ്യുന്ന ഇടവുമായ അൽ ഹൊസ്‌നിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

‘എ ലിവിങ് എക്സ്പ്രഷൻ ഓഫ് അബുദാബിസ് കൾച്ചർ’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ അൽ ഹൊസൻ ഫെസ്റ്റിവൽ ഒരുക്കുന്നത്. ഈ മേളയുടെ ഭാഗമായി സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, കലാപ്രദർശനങ്ങൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണശാലകൾ, ചില്ലറവിൽപ്പനശാലകൾ, സിനിമാപ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

എമിറേറ്റിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും, സംരക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് DCT എല്ലാ വർഷവും അബുദാബി അൽ ഹൊസൻ ഫെസ്റ്റിവൽ ഒരുക്കുന്നത്. എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള സന്ദർശകർക്ക് ആസ്വദിക്കാനാകുന്ന രീതിയിലുള്ള പരിപാടികൾ ഉൾപ്പെടുത്തിയാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ദിവവും വൈകീട്ട് നാല് മണിമുതൽ രാത്രി 10:30 വരെയാണ് ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം സൗജന്യമാണ്.

13 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് 35 ദിർഹം, അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 15 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.