ഷാർജ: മെലീഹ നാഷണൽ പാർക്കിൽ ‘കം ക്ലോസർ’ പ്രചാരണ പരിപാടി ആരംഭിച്ചു

GCC News

സന്ദർശകരെ പ്രകൃതിയുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘കം ക്ലോസർ’ പ്രചാരണ പരിപാടിയ്ക്ക് മെലീഹ നാഷണൽ പാർക്ക് തുടക്കമിട്ടു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വൈവിധ്യമാർന്ന ആവാസവ്യവസ്ഥ, സമ്പന്നമായ ചരിത്രം, ശാന്തമായ സൗന്ദര്യം എന്നിവയോടെ ഷാർജയുടെ ഹൃദയഭാഗത്താണ് മെലീഹ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവ് പ്രകാരം സ്ഥാപിതമായ ഈ പാർക്ക്, ഷാർജയുടെ തനതായ ഭൂപ്രകൃതി സംരക്ഷിക്കുന്നതിനുള്ള നിർണായക പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു.

34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് എമിറേറ്റിന്റെ ചരിത്രപരവും പാരിസ്ഥിതികവുമായ പൈതൃകത്തിന്റെ തെളിവായി നിലകൊള്ളുന്നു. ഈ വിശാലമായ ഭൂപ്രകൃതിയുടെ വൈവിധ്യമാർന്ന വശങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ സന്ദർശകരെ ക്ഷണിക്കുന്നതിനായാണ് കഴിഞ്ഞ ദിവസങ്ങളിലായി മെലീഹ ദേശീയോദ്യാനം ‘കം ക്ലോസർ’ കാമ്പെയ്‌ൻ ആരംഭിച്ചത്.

ഷാർജയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും ഒരു സുപ്രധാന നാഴികക്കല്ലായ ഈ സംരംഭത്തെ ഷുറൂഖ് സിഇഒ അഹമ്മദ് ഒബൈദ് അൽ ഖസീർ പ്രശംസിച്ചു.

‘ചരിത്രത്തോട് അടുക്കൂ’, ‘പ്രകൃതിയോട് അടുക്കൂ’, ‘നക്ഷത്രങ്ങളോട് അടുക്കൂ’, ‘സംസ്കാരത്തോട് അടുക്കൂ’, ‘സാഹസികതയോട് അടുക്കൂ’ എന്നിങ്ങനെ അഞ്ച് ആകർഷകമായ ആശയങ്ങളിലൂന്നിയാണ് ഈ പ്രചാരണ പരിപാടി ഒരുക്കുന്നത്. ഇവ ഓരോന്നും സന്ദർശകരും പാർക്കും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.