ദുബായ്: എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പ്രഖ്യാപിച്ചു

GCC News

ദുബായ് എമിറേറ്റിന്റെയും, ദുബായ് സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.

ദുബായ് ഭരണാധികാരിയും, യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 2025 ഫെബ്രുവരി 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇത് സംബന്ധിച്ച് ‘1/ 2025’ എന്ന നിയമമാണ് ദുബായ് ഭരണാധികാരി പുറത്തിറക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം ദുബായ് എമിറേറ്റ്, ദുബായ് സർക്കാർ എന്നിവർക്ക് പ്രത്യേകമായുള്ള ഔദ്യോഗിക ചിഹ്നങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

Source: Dubai Media Office.

ദുബായ് എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ ഉടമസ്ഥാവകാശം എമിറേറ്റ് ഓഫ് ദുബായിയിൽ നിക്ഷിപ്തമാണെന്നും, ഇതിന്റെ ഉപയോഗം നിശ്ചിത ചടങ്ങുകൾ, ഇടങ്ങൾ, രേഖകൾ, മുദ്രണങ്ങൾ തുടങ്ങിയവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഈ നിയമം വ്യക്തമാക്കുന്നു. ദുബായ് സർക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ ഉപയോഗം സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ, സർക്കാർ കൗൺസിലുകൾ, സർക്കാർ അധികൃതർ തുടങ്ങിയവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ദുബായ് എമിറേറ്റിന്റെയും, ദുബായ് സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നങ്ങളുടെ ദുരുപയോഗം തടയുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ പരാമർശിച്ചിട്ടുണ്ട്. മുൻ‌കൂർ അനുമതിയില്ലാതെയും, ഇവയുടെ ഉപയോഗം സംബന്ധിച്ച് നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കാതെയും ഇവ ഉപയോഗിക്കുന്നതിന് അനുവാദമുണ്ടായിരിക്കുന്നതല്ല.

നിയമം പാലിക്കാതെ ഈ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്കും, ഇവ ദുരുപയോഗം ചെയ്യുന്നവർക്കും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും, അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണ്. ഈ നിയമം ഉടൻ തന്നെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതും, ഇത് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ദുബായിയിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.