ഒമാൻ: റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

GCC News

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. 2025 ഫെബ്രുവരി 24-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം പൊതു മേഖലയിലെ ജീവനക്കാർക്ക് രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ അഞ്ച് മണിക്കൂർ എന്ന രീതിയിൽ ഔദ്യോഗിക പ്രവർത്തിസമയം പുനഃക്രമീകരിക്കുന്നതാണ്. ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റമദാനിൽ ആവശ്യമെങ്കിൽ ഫ്ലെക്സിബിൾ, റിമോട്ട് വർക്കിങ്ങ് രീതികൾ നടപ്പിലാക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്.

ഫ്ലെക്സിബിൾ വർക്കിങ് രീതി അനുസരിച്ച് ജീവനക്കാർക്ക് രാവിലെ 7 മുതൽ വൈകീട്ട് 3 മണിവരെയുള്ള കാലയളവിൽ സ്ഥാപനത്തിന്റെ ആവശ്യം കണക്കിലെടുത്ത് കൊണ്ട് തങ്ങളുടെ പ്രവർത്തിസമയം തിരഞ്ഞെടുക്കാവുന്നതാണ്. ചുരുങ്ങിയത് അമ്പത് ശതമാനം ജീവനക്കാരെങ്കിലും ഓഫീസുകളിൽ എത്തുന്ന രീതിയിലായിരിക്കും റിമോട്ട് വർക്കിങ്ങ് നടപ്പിലാക്കേണ്ടത്.

സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തി സമയം സംബന്ധിച്ചും അധികൃതർ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തിസമയം, ആഴ്ച്ച തോറും 30 മണിക്കൂർ എന്ന രീതിയിൽ, ദിനവും 6 മണിക്കൂറാക്കി നിജപ്പെടുത്താനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.