ഒമാൻ: ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് ജൂൺ 1 മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധം

GCC News

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് 2025 ജൂൺ 1 മുതൽ ഒമാൻ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കുന്നതാണ്. ഒമാൻ ടാക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.

ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതി 2025 ജൂൺ 1 മുതൽ നിരോധിക്കാൻ തീരുമാനിച്ചതായി 2025 ജനുവരി 22-ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചിരുന്നു.

ശീതളപാനീയങ്ങൾ, കാർബണേറ്റഡ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, ആൽക്കഹോളിക് പാനീയങ്ങൾ, ചുങ്കം ചുമത്താവുന്ന മറ്റു ഏതാനം എക്‌സൈസ് ഉത്പന്നങ്ങൾ (മധുര പാനീയങ്ങൾ ഒഴികെ) എന്നിവയുടെ ഇറക്കുമതിയിൽ 2025 ജൂൺ 1 മുതൽ ഒമാൻ ടാക്സ് അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 2025 ജൂൺ 1-ന് ശേഷം ഇത്തരം ഉത്പന്നങ്ങൾ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് (DTS) നിർബന്ധമാക്കുന്നതാണ്.

ജൂൺ 1 മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി കർശനമായി നിരോധിക്കുന്നതാണ്. ഓഗസ്റ്റ് 1 മുതൽ DTS നിബന്ധനകൾ പാലിക്കാത്ത ഇത്തരം ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന ഒമാനിലെ പ്രാദേശിക വിപണികളിൽ അനുവദിക്കുന്നതല്ല.

ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ നടപ്പിലാക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണിത്. ഈ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ സിഗരറ്റ്, ശിഷാ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കിയിരുന്നു.