അബുദാബി: ഏരിയൽ സർവേയുടെ ഭാഗമായി 8000 സ്‌ക്വയർ കിലോമീറ്റർ സമുദ്ര ആവാസവ്യവസ്ഥ പരിശോധിച്ചു

featured GCC News

എണ്ണായിരം സ്‌ക്വയർ കിലോമീറ്ററിലധികം സമുദ്ര ആവാസവ്യവസ്ഥ പരിശോധിച്ച് തിട്ടപ്പെടുത്തുന്ന ഏരിയൽ സർവേ നടപടികൾ പൂർത്തിയാക്കിയതായി അബുദാബി അധികൃതർ അറിയിച്ചു. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയുടെ (EAD) നേതൃത്വത്തിലാണ് ഈ ഏരിയൽ സർവേ നടപടികൾ പൂർത്തിയാക്കിയത്.

അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ സമുദ്ര ആവാസവ്യവസ്ഥയുടെയും, സമുദ്രജീവികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് EAD ഈ സർവേ നടത്തിയത്.

സമുദ്രജീവികളുമായി ബന്ധപ്പെട്ട് കൃത്യമായ സർവേകളിലൂടെ ചിട്ടയോടുകൂടിയ നിരീക്ഷണ നടപടികൾ കൈക്കൊള്ളുന്ന പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏക പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് EAD. 2004 മുതൽ EAD സമഗ്രമായ ഇത്തരം ഏരിയൽ സർവേ നടത്തിവരുന്നുണ്ട്.

ഈ സർവേകളുടെ ഭാഗമായി മേഖലയിലെ കടൽപ്പശുക്കളുടെ എണ്ണത്തിൽ 20 ശതമാനത്തോളവും, കടലാമകളുടെ എണ്ണത്തിൽ 30 ശതമാനത്തോളവും വളർച്ച ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആറ് ഗവേഷകരടങ്ങിയ ഒരു സംഘം 1,630 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ ഏരിയൽ സർവേ പൂർത്തിയാക്കിയിരിക്കുന്നത്.