‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പ്രത്യേക സ്മാരക നാണയങ്ങൾ പുറത്തിറക്കി. 2025 ജൂലൈ 1-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
CBUAE issues commemorative coins for 'Zayed and Rashid' campaign#WamNews https://t.co/4soKZp21VQ pic.twitter.com/pOKQzssnHS
— WAM English (@WAMNEWS_ENG) July 1, 2025
ഇതിന്റെ ഭാഗമായി സ്വർണ്ണത്തിലും, വെള്ളിയിലുമുള്ള രണ്ട് പ്രത്യേക സ്മാരക നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
യു എ ഇയുടെ സ്ഥാപക പിതാക്കളോടുള്ള ബഹുമാനസൂചകമായാണ് ‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂം എന്നിവരുടെ പൈതൃകത്തിന്റെ ആഘോഷമെന്ന രീതിയിലാണിത്.
ഇരുവരുടെയും ജ്വലിക്കുന്ന ഓർമ്മകൾ, യു എ ഇ എന്ന രാജ്യം സ്ഥാപിക്കുന്നതിൽ ഇരുവരുടെയും പങ്ക്, യു എ ഇയുടെ ദേശീയ സത്വം എന്നിവയ്ക്ക് അടിവരയിടുന്നതാണ് ഈ നാണയങ്ങൾ.
നാല്പത് ഗ്രാം തൂക്കമുള്ള സ്വർണ്ണ നാണയത്തിന് നാല്പത് മില്ലീമീറ്റർ വ്യാസമുണ്ട്. ഈ നാണയത്തിന്റെ മുൻവശത്തായി ‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ലോഗോ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ നാണയത്തിന്റെ പുറകിൽ ദേശീയ ചിഹ്നം, അറബിയിലും, ഇംഗ്ലീഷിലും ‘സെൻട്രൽ ബാങ്ക് ഓഫ് ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന വാചകം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്വർണ്ണനാണയം സെൻട്രൽ ബാങ്കിന്റെ അബുദാബിയിലെ ആസ്ഥാനത്ത് നിന്ന് മാത്രമാണ് ലഭ്യമാകുന്നത്.

അമ്പത് ഗ്രാം തൂക്കമുള്ള വെള്ളിനാണയത്തിന് അമ്പത് മില്ലീമീറ്റർ വ്യാസമുണ്ട്. ഈ നാണയത്തിന്റെ മുൻവശത്തായി ‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ലോഗോ, മറുവശത്ത് ദേശീയ ചിഹ്നം, അറബിയിലും, ഇംഗ്ലീഷിലും ‘സെൻട്രൽ ബാങ്ക് ഓഫ് ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന വാചകം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വെള്ളിനാണയം സെൻട്രൽ ബാങ്കിന്റെ വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ്.
WAM

