എമിറേറ്റിലെ പൊതുനിരത്തുകളിൽ ഇ-സ്കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി അജ്മാൻ പോലീസ് അറിയിച്ചു. 2025 ഓഗസ്റ്റ് 15-നാണ് അജ്മാൻ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
— ajmanpoliceghq (@ajmanpoliceghq) August 14, 2025
ഈ അറിയിപ്പ് പ്രകാരം അജ്മാനിലെ പൊതുനിരത്തുകളിലും, തെരുവുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ, സമാനമായ ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്തും, ഇത്തരം വാഹനങ്ങൾ വരുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ കണക്കിലെടുത്തുമാണ് ഈ വിലക്ക്.
ഈ വിലക്ക് അജ്മാനിൽ പ്രാബല്യത്തിൽ വന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം ഒരു തീരുമാനം.
ഈ തീരുമാനം കർശനമായി പാലിക്കാനും അനുമതിയില്ലാത്ത ഇടങ്ങളിൽ ഇ-സ്കൂട്ടറുകൾ ഒഴിവാക്കാനും പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വകാര്യ ഇ-സ്കൂട്ടറുകൾ, റെന്റൽ കമ്പനികൾ നൽകുന്ന ഇത്തരം വാഹനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഈ വിലക്ക് ബാധകമാണ്.
ഈ വിലക്ക് ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും, നിയമം ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

