സൗദി അറേബ്യ: സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് പുതിയ നിയമം അവതരിപ്പിച്ചു

featured GCC News

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് സൗദി അറേബ്യ ഒരു പുതിയ നിയമം അവതരിപ്പിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതും, തെറ്റായതുമായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതും ഈ പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

സൗദി ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് സാമൂഹിക മാധ്യമ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ലക്ഷ്യമിടുന്ന ഈ നിയമം അവതരിപ്പിച്ചത്. ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ, ഓൺലൈൻ പ്രതലങ്ങളിലെ പെരുമാറ്റ രീതി തുടങ്ങിയവ അതോറിറ്റി ഈ നിയമത്തിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

  • മറ്റുള്ളവരെ ദ്രോഹിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും, കളിയാക്കുന്നതും ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ നിരോധിച്ചിട്ടുണ്ട്.
  • വ്യക്തികളുടെ കുടുംബ വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ പങ്ക് വെക്കുന്നത് നിരോധിച്ചിട്ടുണ്ട്.
  • ദൈനംദിന ജീവിതശൈലി പങ്ക് വെക്കുന്ന പോസ്റ്റുകളിൽ കുട്ടികൾ, ഗാർഹിക ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തുന്നത് (നല്ല രീതിയിലും, മോശമായ രീതിയിലും ബാധകം) നിരോധിച്ചിട്ടുണ്ട്.
  • തെറ്റായ വിവരങ്ങൾ, അശ്ലീലമായ ഭാഷ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റുകൾ, ആഡംബര കാറുകൾ, ഭവനങ്ങൾ എന്നിവ ഉൾപ്പടെ വ്യക്തിപരമായ സമ്പത്ത് എടുത്ത് കാട്ടുന്ന പോസ്റ്റുകൾ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.
  • വംശപാരമ്പര്യം, ഗോത്രം, ദേശീയത എന്നിവ സംബന്ധിച്ച് പൊങ്ങച്ചം പറയുന്ന രീതിയിലുള്ള പോസ്റ്റുകൾ നിരോധിച്ചിട്ടുണ്ട്.
  • സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത വസ്ത്രധാരണ രീതികൾ പോസ്റ്റുകളിൽ നിരോധിച്ചിട്ടുണ്ട്.

ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.