രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2025-ലെ ആദ്യ പകുതിയിൽ മാത്രം ഇത്തരം കേസുകളുടെ എണ്ണത്തിൽ അമ്പത് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളർച്ച, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ കൂടുതലായുള്ള ഉപയോഗം, ദൈനംദിന ജീവിതത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾക്കുള്ള പ്രാധാന്യം തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിന് കാരണമാണെന്ന് ROP ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈശി വ്യക്തമാക്കിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ്ഫേക്ക് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇ-കോമേഴ്‌സ് വെബ്സൈറ്റുകളിൽ നൽകുന്ന വ്യാജ പരസ്യങ്ങൾ ഉപയോഗിച്ചും തട്ടിപ്പുകാർ ഇരകളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

